---
title: "പാനൂർ ഒമാസ് ഹോട്ടലിൽ നിന്നും മലിനജലം പുറത്തേക്കൊഴുക്കുന്നതിൽ പ്രതിഷേധം ; ഹോട്ടലിനു മുന്നിൽ തടിച്ചുകൂടിയ പ്രദേശവാസികളും, ഹോട്ടലുടമകളും തമ്മിൽ നേരിയ സംഘർഷം"
english_title: "Protest over sewage discharge from Panur Omas Hotel; Minor clash between locals and hotel owners who gathered in front of the hotel"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/341840/Protest over sewage discharge from Panur Omas Hotel; Minor clash between locals and hotel owners who gathered in front of the hotel"
published_at: "2026-02-13T20:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698f36fe63a78_1001106662.jpg"
keywords: []
---

# പാനൂർ ഒമാസ് ഹോട്ടലിൽ നിന്നും മലിനജലം പുറത്തേക്കൊഴുക്കുന്നതിൽ പ്രതിഷേധം ; ഹോട്ടലിനു മുന്നിൽ തടിച്ചുകൂടിയ പ്രദേശവാസികളും, ഹോട്ടലുടമകളും തമ്മിൽ നേരിയ സംഘർഷം

> **Lead Summary:** പാനൂർ :മേലെ പൂക്കോത്തെ ഒമാസ് ഹോട്ടലിൽ നിന്നും മലിനജലം പുറത്തേക്ക് ഒഴുക്കിവിടുന്നതിനാൽ സമീപത്തെ കിണറുകളിലെയും കുളത്തിലെയും ജലം മലിനമാകുന്നതായി പരാതി. മലിനജലം ശേഖരിക്കുന്ന ടാങ്ക് നിറഞ്ഞു കവിഞ്ഞിരിക്കുകയാണ്.

## Article Content

പാനൂർ :മേലെ പൂക്കോത്തെ ഒമാസ് ഹോട്ടലിൽ നിന്നും മലിനജലം പുറത്തേക്ക് ഒഴുക്കിവിടുന്നതിനാൽ സമീപത്തെ കിണറുകളിലെയും കുളത്തിലെയും ജലം മലിനമാകുന്നതായി പരാതി. മലിനജലം ശേഖരിക്കുന്ന ടാങ്ക് നിറഞ്ഞു കവിഞ്ഞിരിക്കുകയാണ്.

ജലം പുറത്തേക്ക് ഒഴുകി സമീപത്തെ എരഞ്ഞി കുളത്തിലെ ജലം മലിനമായി. തൊട്ടടുത്ത എരഞ്ഞിക്കുളങ്ങര എൽപി സ്കൂളിലെ കിണർ ജലവും മലിനമായിരിക്കുകയാണ്. സമീപത്തെ ഇരുപതോളം വീടുകളിലെ കിണർജലം ഉപയോഗശൂന്യമായിരിക്കുകയാണ്. ബങ്ക് ശാസ്ത്രീയമായി നിർമ്മിച്ചതല്ല.

വശങ്ങളും അടിഭാഗവും സിമൻറ് ചെയ്തിട്ടില്ല എന്ന പരാതിയുമുണ്ട്.ഹോട്ടൽ അധികൃതർ ടാങ്ക് നിറഞ്ഞാൽ മലിനജലം ശേഖരിച്ച് ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കുന്നില്ല. പ്രദേശവാസികളുടെ കുടിവെള്ളം മുട്ടിക്കുന്ന സമീപനമാണ് ഹോട്ടൽ അധികൃതർ സ്വീകരിക്കുന്നതത്രെ. പ്രദേശവാസികൾ അധികൃതർക്ക് നിരവധിതവണ പരാതികൾ നൽകിയിരുന്നു.നഗരസഭ അധികൃതർ വേണ്ട നടപടികൾ സ്വീകരിച്ചിട്ടില്ലെന്നും ആക്ഷേപമുണ്ട്. പൂക്കോം ദേശത്തെ പ്രസിദ്ധമായ ക്ഷേത്രക്കുളമാണ് സമീപത്തെ എരഞ്ഞിക്കുളം.എരഞ്ഞിക്കുളത്തിലെ ജലം പൂർണ്ണമായും മലിനമായി ഇരിക്കുകയാണ്.ഇറങ്ങിക്കുളങ്ങര എൽപി സ്കൂളിൽ പുതുതായി നിർമ്മിച്ച കിണർജലം മലിനമായിരിക്കുന്നതിനാൽ വിദ്യാർത്ഥികളും അധ്യാപകരും കഷ്ടപ്പെടുകയാണ്.പരാതി പറഞ്ഞു മടുത്തതിനാൽ പ്രദേശവാസികൾ സമര രംഗത്തേക്ക് ഇറങ്ങിയിരിക്കുകയാണ്.

പ്രദേശത്തെ കിണർ ജലം മലിനമാക്കുന്ന ഹോട്ടലിനെ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മേലെ പൂക്കോം ജനകീയ ഗ്രാമ സംരക്ഷണ സമിതി നേതൃത്വത്തിൽ ഹോട്ടലിനു മുന്നിൽ സായാഹ്ന ധർണ്ണ നടത്തി. ധർണ്ണ സമരം പ്രദീപ് ശ്രീലകം ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന പ്രസംഗത്തിനിടെ ഹോട്ടലിന് മുൻവശത്തെ ലൈറ്റുകൾ ഓഫ് ചെയ്തതോടെ അൽപ്പസമയം സമരക്കാരും, ഹോട്ടൽ ജീവനക്കാരും തമ്മിൽ തർക്കമുണ്ടായി. എന്നാൽ ഉന്നത നേതാക്കളിടപ്പെട്ട് രംഗം ശാന്തമാക്കി. ചടങ്ങിൽ കെ.പി. പ്രദീപൻ അധ്യക്ഷത വഹിച്ചു. കെ.കെ. ധനഞ്ജയൻ, പി.പി. രജിൽ കുമാർ, സി. പ്രദീപൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/341840/Protest over sewage discharge from Panur Omas Hotel; Minor clash between locals and hotel owners who gathered in front of the hotel)